Showing posts with label യാത്രകള്‍. Show all posts
Showing posts with label യാത്രകള്‍. Show all posts

Monday, August 26, 2013

തഞ്ചാവൂർ




തമിഴ്നാട്ടിൽ വെച്ചാണ്‌ തന്ജാവൂരിനെ  പറ്റി കൂടുതൽ  അറിയാൻ കഴിഞ്ഞത്. പഴയ ഹിസ്റ്ററി  ക്ലാസ്സുകളിൽ കേട്ടറിഞ്ഞ ചോള പാണ്ഡ്യ   ചേര രാജാക്കന്മാർ  ഒക്കെ  ഓർമയിലേക്ക്  ഓടി വന്നു പോകുന്ന കൗതുക വാർത്തകൾ . ഒരുപാടു നാളത്തെ ആഗ്രഹത്തിന് ശേഷമാണ് തഞ്ചാവൂർ കാണാൻ സാധിച്ചത്. വേളാങ്കണ്ണി  എക്സ്പ്രസ്സ്‌ എന്ന  ഓമനപ്പേരിൽ പണ്ട് നിലഗിരി തേയില ചൊച്ചി തുറമുഖത്തു  എത്തിച്ചിരുന്ന Tea -Garden എക്സ്പ്രസ്സിൽ  യാത്ര പുറപ്പെട്ടു. രാത്രികാല വണ്ടി ആയതിനാലും ഡിസംബർ മാസമായതിനാലും വണ്ടിയിൽ നല്ല തിരക്കാണ്. രാത്രി 10 മണിക്ക് പുറപ്പെടുന്ന വണ്ടി  കാലത്തെ  ഏകദേശം 7.30 യോടെ ശ്രീരംഗം വഴി കടന്നു പോകും.ലോകത്തിൽ  ദിവസ പൂജ നടക്കുന്ന  ഏറ്റവും വലിയ അമ്പലമാണ് ശ്രീരംഗം. അവിടെ നിന്നും ഒരു മണിക്കൂർ യാത്രയുണ്ട് തഞ്ചാവൂർ പട്ടണത്തിലേക്ക്. കാവേരി നദിയുടെ അവശേഷിപ്പുകൾ നീർച്ചാലുകളിൽ  തുടിച്ചു തുടിച്ചു ഇല്ലാതാകുന്നത് കാണുമ്പോൾ സങ്കടം തോന്നും,പക്ഷെ കഠിന അധ്വാനത്തിലൂടെ പച്ചപ്പ്‌ പിടിച്ചു നിർത്തുന്ന പച്ച മനുഷ്യർ, പാരം കവുങ്ങ് തളിർ വെറ്റില ഏത്തവാഴ ...ഒരു ഉള്ളൂർ കവിതകൾ പോലെ തോന്നിപ്പോകും.


സ്റ്റേഷനിൽ നിന്ന് പെരിയ കോവിലിലേക്ക് നിറയെ വണ്ടികൾ കിട്ടും. ഏകദേശം 20 മിനിറ്റ് സഞ്ചരിക്കുമ്പോൾ തലയാട്ടി ബോമ്മകൾ നമ്മെ അമ്പലത്തിലേക്ക് മാടി വിളിക്കാൻ തുടങ്ങും. കവാടത്തിൽ നമ്മെ വരവേൽക്കുന്ന ഭീമാകാരനായ കേരളാന്തകൻ പ്രതിമയെ കാണാം. രാജാ രാജാ ചോളൻ കേരളത്തിനു മേൽ നേടിയ വിജയ സൂചകം ആണെന്ന് പറയപ്പെടുന്നു.

കോട്ടമതിലിനു ഉള്ളിലായി ക്ഷേത്ര സമുച്ചയം സ്ഥിതി കൊള്ളുന്നു. AD 1010 കൊണ്ട് പണി പൂർത്തിയാക്കിയ അമ്പലത്തിൽ ശിവ ലിന്ഗവും, നന്ദിയും, വിമാനവും എല്ലാം തന്നെ ഭീമാകാരം ആണ്, അതിനാൽ പെരിയ കോവിൽ ( The Big Temple )എന്നാണ്  വിളിക്കുന്നതുതന്നെ. ഏക ജാതിയിൽ പെട്ട കല്ലുകൾ കൊണ്ടാണ് ക്ഷേത്ര നിർമാണം.


6  മീറ്ററോളം നീളം  വരുന്ന നന്ദി കേശ്വര പ്രതിമ. ഒറ്റക്കല്ലിൽ തീർത്ത നന്ദിയ്ക്കു 20 ടണ്ണ്‍ ഭാരമുള്ളതായി അനുമാനിക്കുന്നു. ഉള്ളിൽ കാണുന്ന ശിവ ലിംഗം ഒരു മനുഷ്യൻറെ അത്ര വലിപ്പമുള്ളതാണ്. തഞാവൂർ ബ്രിഹദീശ്വരൻ നമ്മുടെ ഉള്ളിലുള്ള ആത്മാശം ആവാഹിചെടുക്കും അതിനാൽ ഗർഭിണികൾ ഇവിടെ അധിക നേരം നിന്നുകൂടാ എന്ന് ഒരാൾ പറയുന്നുണ്ടായിരുന്നു.

ക്ഷേത്ര ഗോപുരത്തിന് 200 അടിയിൽ മേലെ ഉയരമുണ്ട്,അതിനും മുകളിലാണ് വിമാന വെച്ചിരിക്കുന്നത്. 80 ടണ്ണ്‍ ഭാരമുള്ള ഈ ഒറ്റക്കൽ വിമാനം 200 അടിക്കു മുകളിൽ യാതൊരു കേടുപാടുകളും ഇല്ലാതെ പ്രതിഷ്ട്ടിച്ച രാജാ രാജാ ചോലന്റെ മനസിനെ നാം നമിച്ചു പോകും. പരസ്പര പൂരകമായ ശില്പങ്ങൾ ആണ് ഇരു വശങ്ങളിലും. യാതൊരു വിധ ജോയിൻറ്കൾ ഇല്ലാത്ത ഗോപുരം ഇന്നും ഒരു അത്ഭുതമാണ്. കൈലാസത്തിലെ മഹാ മേരുവിനെ പ്രതിനിധാനം ചെയ്യുന്നതാണ്‌ പ്രധാന ഗോപുരം. ഓരോ  ഭാഗത്ത്‌ നിന്നും ഓരോ വ്യൂ ആണു. കാറ്റിനെയും മഴയേയും പ്രകൃതി ക്ഷോഭങ്ങളെയും അതി ജീവിക്കാൻ പ്രാപ്തമാക്കുന്ന ആകാരമാണ് രാജാ രാജൻ ഇതിനു നല്കിയത്. കുമ്മായം,സുർകി,ഇരുമ്പ് തുടങ്ങി യാതൊന്നും തന്നെ നിർമാണത്തിന് ഉപയോഗിച്ചിട്ടില്ല.


ക്ഷേത്രത്തിൽ ചുമർ ചിത്രങ്ങൾ നമ്മെ അമ്പരപ്പിക്കുന്നതാണ്. നന്ദി യുടെ മുകളിലുള്ള ചുമരിൽ ചിത്രകാരൻ പൂരകങ്ങളായി വരച്ച ചിത്രങ്ങൾ 1000 വർഷങ്ങൾ കഴിഞ്ഞിട്ടും അതെ നിറങ്ങളോട് കൂടേ ഇന്നും പുതുമയോടെ നില്ക്കുന്നു. പ്രകൃതിയിൽ കാണുന്ന ചെടികളുടെയും നിറമാർന്ന കല്ലുകളും ചാലിച്ചു ഉണ്ടാക്കിയ നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ആധുനിക ഇന്ത്യൻ യുവാക്കളുടെ കരിയിലും ഇഷ്ട്ടികയിലും തീർത്ത ചിത്രങ്ങളും പ്രേമ അഭ്യർത്ഥനകളും ഈ ചുമരുകളെ നാണിപ്പിച്ചു  തുടങ്ങിയിരിക്കുന്നു.

ക്ഷേത്രത്തിൽ ഏകദേശം നൂറോളം ഭൂഗർഭ പാതകൾ ഉണ്ട്. രാജാ രാജാ കൊട്ടാരത്തിലെക്കും മറ്റു ക്ഷേത്രങ്ങളിലെക്കും കാവേരിയിലെക്കും ഈ പാതകൾ പോകുന്നു. യുദ്ധ തന്ത്രങ്ങളിൽ പെടുന്നതായതിനാൽ ഈ വഴികളെ പറ്റി ആർക്കും തന്നെ പിടിയില്ല. മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ചുനോക്കിയാൽ ഒരു പാട് വിസ്തൃതമായ ക്ഷേത്രംഗണം,ഒരായിരം ശൈവ രൂപങ്ങൾ ,നിരവധി ഉപദേവ പ്രതിഷ്ഠകൾ ഒക്കെയും നമ്മെ അവിടെ പിടിച്ചു നിർത്തും. ദേവനെ കണ്ട തൃപ്തി നമുക്ക് തോന്നില്ല, ക്ഷേത്രത്തോട് ആരാധന തോന്നി തുടങ്ങും.


ഇടനാഴികളിൽ ക്ഷേത്ര മര്യാദകൾ പാലിക്കാതെ ഒരുപാടു യുവ മിധുനങ്ങൾ പ്രണയത്തിൽ മുഴുകി ഇണ അരയന്നങ്ങളെ പോലെ സല്ലപിക്കുന്ന കാഴ്ചകൾ,ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന പ്രസാദം അവിടെ തന്നെ ഇരുന്നു കഴിക്കുന്ന ജനങ്ങൾ.അങ്ങനെ നിരവധി കാഴ്ചകളിലേക്ക് നമ്മെ കൊണ്ട് പോകും. ഈ ഇടനാഴികളുടെ തണുപ്പിൽ നെഞ്ച് ചേർത്ത് വെച്ച് അമ്പലം കാണേണ്ടത് തന്നെയാണ്.

നാലു മണിയോട് അടുത്തപ്പോൾ മഴ മേഘങ്ങൾ കൊണ്ട്  ഇരുൾ മൂടിയപ്പോൾ  കയ്യിൽ ഒരു ക്യാമറ ഇല്ലാത്തതിന്റെ സങ്കടം മനസ്സിൽ കിടന്നു. കടങ്ങൾ ഒരുപാടു ഉള്ളിലൊതുക്കി ഇനിയും കാണാമെന്നു മനസ്സിൽ വീണ്ടും വീണ്ടും ഉരുവിട്ട് തലയാട്ടി ബൊമ്മ കളുടെ നിലക്കാത്ത ആട്ടം പോലെ തിരികെ. അമ്പലങ്ങളുടെ നാട്ടിൽ നിന്നും ദൈവങ്ങളുടെ നാട്ടിലേക്കു.കിളി ജോത്സ്യം,തലയാട്ടി  ബൊമ്മകൾ,കേരളാന്തകൻ,ടി ഗാർഡൻ എല്ലാവർക്കും ഒരു ചെറിയ വിട













Saturday, August 17, 2013

കേരള എക്സ്പ്രസ്സ്‌


ഭാരതത്തിൽ ഏറ്റവും  ദൂരത്തിൽ  ദിവസവും ഓടിക്കൊണ്ടിരിക്കുന്ന ഏക സൂപ്പർ ഫാസ്റ്റ്  ട്രെയിനാണ് കേരള എക്സ്പ്രസ്സ്‌. അനന്തപുരിയിൽ  നിന്ന് ദില്ലിയിലെക്കുള്ള 3036 കിലോമീറ്ററുകൾ ശരാശരി 60 km/hr വേഗതയിൽ  താണ്ടുന്ന നമ്മുടെ സ്വന്തം വണ്ടി.
1976 കേരള -കർണാടക എക്സ്പ്രസ്സ്‌  എന്നായിരുന്നു  ഈ ട്രെയിൻ അറിയപ്പെട്ടിരുന്നത്. റെയിൽവേ വികസിച്ചു വികസിച്ച്  അവസാനം കേരളത്തിന്റെ പേരിലും കിട്ടി ഒരു ട്രെയിൻ.ഏറ്റവും കൂടുതൽ ദൂരം ഇലക്ട്രിക്‌ എഞ്ചിൻ വഹിച്ചു  കൊണ്ട് ഓടുന്ന വണ്ടിയും  ഇതാണ്. തിങ്കളാഴ്ച  കാലത്ത് 11.15 കേരള തലസ്ഥാനത്ത്  നിന്നും കേറിയാൽ  ബുധനാഴ്ച ഉച്ച തിരിഞ്ഞു 1.40 നു കേന്ദ്രത്തിൽ ചെല്ലും നമ്മുടെ ഈ KK Express.




Tuesday, May 28, 2013

ഒന്ന് പോവണ്ടേ ഈ മഴക്കാലത്ത്‌ KSRTCയിൽ









ഒന്ന് പോവണ്ടേ ഈ മഴക്കാലത്ത്‌ KSRTCയിൽമഴയും വെയിലും പൊടിയും ഒന്നും ഇല്ലാതെ നാട് ചുറ്റാൻ പോവാതെ കട്ടപ്പുറത്ത് ഉള്ള ഈ ഇരുപ്പു എന്തു രസമാണ് ! മരം കോച്ചുന്ന തണുപ്പിൽ ഇടയ്ക്കിടെ ഞാൻ ശ്വാസം കിട്ടാതെ കിതച്ചു വീണു പോയി ,മഴയുള്ള ദിവസങ്ങളിൽ നീ എന്നെ ചെളി വെള്ളം ചവിട്ടിയ പാദുകങ്ങൾ ഇട്ടു ചവിട്ടിയുട്ടുണ്ട് , വേദനിച്ചിരുന്നു പലപ്പോഴു.
ഒരിക്കൽ വെള്ള യുണിഫോം ഷർട്ട്‌ ഇട്ട് സൈക്കിളിൽ പോയ 2 കുഞ്ഞി ചെറുക്കന്മാരെ പുഴി വെള്ളം തെറുപ്പിച്ച പ്പോലാണ് എനിക്ക് സങ്കടം വന്നത്, എന്റെ നിയന്ത്രണം അയാളുടെ ബലിഷ്ടമായ കൈകളിൽ ആയതിനാൽ എന്ന് ഞാൻ സ്വയം ആശ്വസിച്ചു ,അപ്പോളേക്കും ആ സൈക്കിളിന്റെ മുന്നിലിരുന്ന മീശ മുളക്കാത്ത പയ്യൻ എന്നെ നോക്കി ശ്രേഷ്ഠ ഭാഷാ ശ്ലോകങ്ങൾ പാടി, ഞാൻ ആദ്യമായി ഓടി തുടങ്ങിയ കാലം ഓർക്കുന്നു,അന്ന് ഈ പയ്യൻ ഉണ്ടായിട്ടില്ല,എന്റെ നെഞ്ചിൽ ഇരുത്തിയാണ്‌ അമ്മയുടെ വയറ്റിൽ ഉള്ളപ്പോൾ ഇവനെ ജനറൽ ആശു പത്രിയുടെ കൊണ്ട് പോയിട്ടുള്ളത്, നല്ല മഴയുള്ള ഒരു ദിവസം ലാസ്റ്റ് ട്രിപ്പ്‌ പോകുമ്പോളാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്, ചോര തൊട്ട് എടുക്കാം,പ്രസവ വേദന തുടങ്ങിയ അവന്റെ അമ്മയെ ആശുപത്രിയിൽ കൊണ്ട് പോകാൻ വണ്ടി ഒന്നുംകിട്ടിയില്ല,അവസാനം അച്ഛനേം അമ്മയേം അവനെയും ഞാനാണ്‌ കൊണ്ട് പോയത്,ആ പയ്യന്റെ വായിൽ നിന്നും അങ്ങനെ കേട്ടപ്പോൾ എനിക്ക് ആ പുഴയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടു ഇല്ലാതാകണം എന്ന് കരുതിയതാണ്, അവന്റെ കൂട്ടുകാരിൽ ചിലര് വണ്ടിയിലുണ്ട് അവരെ ഒക്കെ ഇല്ലാതാക്കാൻ തനിക്കാവില്ല. ആ ദിവസം എന്റെ നെഞ്ചിൽ തീ പുകയുകയായിരുന്നു,ഞാൻ വളരെ മെല്ലെയാണ് അന്ന് ഓടിയത് ,ഇടയ്ക്കിടെ ഞാൻ ശക്തിയായ് ചുമച്ചു, എന്റെ വേദന മനസിലാക്കാതെ പലരും എന്റെ മാറിലിരുന്നു എന്നെ കുത്തി നോവിക്കാൻ തുടങ്ങി. നാശം, ഈ പണ്ടാരം ഇന്ന് പണിമുടക്കാകും എന്ന് തോന്നണുണ്ട്,ഇതൊക്കെ കത്തിച്ചു കളയണ്ട സമയം ആയി എന്നൊക്കെ. എനിക്കറിയാം കാലത്തെ 4 മണിയുടെ ട്രിപ്പിനു മീനെടുക്കാൻ പോകുന്ന അരയത്തി പെണ്ണുങ്ങൾക്കും പാതിരയ്ക്ക് എന്നോടൊപ്പം വരുന്ന ഷാപ്പിലെ കറി വെപ്പുകാരനും ആയിരുന്നു എന്നോടു ഇഷ്ടം. അയാളുടെ പാട്ട് കേട്ട് ഞാൻ ആ വാകമര ത്തിന്റെ ചുവട്ടിൽ കിടന്നു ഉറങ്ങിപ്പോയി പലപ്പോഴും. നി മുറുക്കി തുപ്പുംബോളും, ഛർദിചപ്പൊഴും നിറം മങ്ങിയ എന്റെ തൊലിപ്പുറത്ത് അവ പാടുകൾ വീഴ്ത്തിയിരുന്നു. എന്നെ ആനവണ്ടി എന്ന് വിളിക്കുമ്പോൾ എനിക്കൊരു സ്വകാര്യ അഹങ്കാരം മനസ്സിൽ തോന്നിയിട്ടുണ്ട്, തിടംബ് ഏന്തിയ ഒരു കൊമ്പന്റെ അഹങ്കാരം. പഴയ ഓർമ കൾക്കായി ഈ മഴക്കാലത്ത്‌ എന്നെയും ഓർക്കുക

Sunday, January 20, 2013

മധുരിക്കും മറയൂരിലൂടെ


മധുരിക്കും മറയൂരിലൂടെ



ചന്ദനം മണക്കുന്ന കാടുകളിലൂടെ മാധുര്യം നുണയും കരിമ്പിന്‍ തോട്ടങ്ങളിലൂടെ സഹ്യന്റെ കുളിരുള്ള ചോലകളിലൂടെ ഒരുയാത്ര  ഇതൊക്കെയാണ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇന്റർ നെറ്റില്‍ നോക്കിയാല്‍ കാണുന്ന കാഴ്ചകള്‍. ചന്ദന ഗന്ധം മറയൂരില്‍ പൊങ്ങി നില്‍ക്കുന്ന പുത്തന്‍ പണക്ക്കാരന്റെ റിസോര്‍ട്ട് മുറികളില്‍ ഒതുങ്ങി നില്‍ക്കുന്നു.മഴയുടെ കുറവ് കാരണം കരിമ്പിന്‍ തോട്ടങ്ങള്‍ക്ക് ഒരു ഉണര്‍വില്ല. പക്ഷേ ഇതിന്റെ രണ്ടിന്റെയും കുറവ്  നികത്താന്‍  സഹ്യന്റെവക കാട്ടരുവികള്‍ ഉണ്ട്,കാലൊന്നു  തൊട്ടാല്‍ മരയ്ക്കുന്ന തണുപ്പുള്ള ചോലകള്‍, ഇറങ്ങി ചെല്ലണം സഹ്യന്റെ മാറിലേക്ക്.ഒരു മൂന്ന് നാല്  ദിവസം കാണാനുള്ള കാഴ്ചകള്‍ ഉണ്ട്. 2 ദിവസം മാത്രമാണ് ഞങ്ങള്‍ക്ക് പറ്റിയത്.



ശിലായുഗ കാലത്തിലെ ഉള്ള ചരിത്രം മറയൂരിനുണ്ട്, അതിന്റെ അവശേഷിപ്പുകള്‍ അവിടെ ഇവിടെയായി കാണാം. മഹാഭാരതത്തില്‍ പാണ്ഡവന്മാര്‍ മറഞ്ഞിരുന്ന സ്ഥലം അണുന്നു പറയപ്പെടുന്നു. ടിപ്പുവിന്റെ പടയോട്ട കാലത്ത്  മധുര, തിരുപ്പൂര്‍ , കരൂര്‍ ഭാഗങ്ങളില്‍  നിന്നും  പലായനം ചെയ്ത തമിഴരാണ് ആദ്യ കുടിയേറ്റക്കാര്‍ . മറഞ്ഞിരുന്നു  യാത്രക്കാരെ ആക്രമിച്ചിരുന്ന  കൂട്ടരാണ്. മുതുവാന്മാര്‍ ആണ് പ്രധാന തദ്ദേശ വാസികള്‍.തട്ടുകട  നടത്തുന്ന ഹരിപ്പാട്‌ കാരനും പലചരക്കു കട നടത്തുന്ന പൂജപ്പുരക്കാരിയും പിന്നെ കട്ടപ്പന അടിമാലിക്കാരെയും ഒക്കെ കാണാം. എന്നിരുന്നാലും സ്വദേശികള്‍ 90% തമിഴരാണ്‌ .


ഞായറാഴ്ചകളില്‍ മലമുകളില്‍ നിന്നും ഇറങ്ങി വന്നു സാധനങ്ങള്‍ വാങ്ങി മടങ്ങുന്ന,  സ്ത്രീകളെ കുടിലിനു വെളിയില്‍ വിടാത്ത ആളുകള്‍ ആണ് മുതുവാന്മാര്‍ . തേനും കാട്ടു നെല്ലിക്കയും ഒക്കെ ആയി തലയില്‍ ഒരു വെള്ള തോര്‍ത്തും  കെട്ടി വരും. കാട്ടുതേന്‍ കിട്ടും 325 രൂപയാണ് ഒരു കുപ്പിയ്ക്കു വില .പിന്നെ മറയൂരിന്റെ സ്വന്തം ശര്‍ക്കര ആണ്  ഉള്ളത്.ലോകത്തിലെ ഏറ്റവും ഗുണമുള്ള പഞ്ചസാരയുടെ അംശം കൂടുതലുള്ള ശര്‍ക്കര.





കാഴ്ചകള്‍


 പാമ്പാര്‍ നദി


കിഴക്ക്കോട്ടു  ഒഴുകുന്ന നദികളില്‍ ഒന്നാണ്‌  പാമ്പാര്‍ . ആനമുടിയില്‍  നിന്ന് തുടങ്ങി  കാവേരിയില്‍ ഒടുങ്ങുന്ന തമിഴ്  ചായ്‌വുള്ള നദി. ഉരുള്‍ പൊട്ടിയ പോലെ നിറയെ ഉരുണ്ട പാറകള്‍ നദിയെ മനോഹരമ്മാക്കി തീര്‍ക്കുന്നു. കടവുകളില്‍ ആനകള്‍  പോയ വഴികള്‍ കാണാം. ഉദുമല്പെട്ട്  പോകുന്ന  വഴിയാണ്  നദി.


 തൂവാനം

മറയൂര്‍ - ഉദുമലപെട്ടു  വഴി ഏകദേശം 11km  സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടം കാണാം. കരിമുട്ടിയില്‍ ഫോറെസ്റ്റ് ചെക്ക്‌ പോസ്റ്റില്‍  ഒരാള്‍ക്ക്  100 രൂപ കൊടുത്താല്‍ ട്രെക്കിംഗ്  പോകാം. 4 km സഹ്യന്റെ മാറിലൂടെ  നടക്കാം. ചിന്നാര്‍ നദിയിലൂടെ വെള്ളച്ചാട്ട ത്തിലേക്ക്  പോകാം. പൊങ്കല്‍  ആയതിനാല്‍ ഞങ്ങള്‍ക്ക് ആ ഭാഗ്യം ഉണ്ടായില്ല, ഗാര്‍ഡുകള്‍  എല്ലാരും  അവധിയിലാണ്. അകലെ നിന്നും  തൂവാനം വെള്ളച്ചാട്ടം  കണ്ടു നെടുവീര്‍പ്പോടെ ഞങ്ങള്‍ മടങ്ങി.


ചിന്നാര്‍ വന്യ ജീവി സങ്കേതം


നക്ഷത്ര ആമകള്‍ക്ക്  പേരുകേട്ട സ്ഥലമാണ് ചിന്നാര്‍ . മറയൂരില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ ഉടുമല്‍പെട്ട റൂട്ടിലാണ്‌ ചിന്നാര്‍ വന്യ ജീവി സങ്കേതം. അവിടെ ചെന്നാല്‍ പസ്സോട് കൂടി വാച്ച് ടവര്‍ കാണാം. ആന,മ്ലാവ്,കലമാന്‍,കാട്ടുപന്നി, നീലഗിരി ലങ്ഗൂര്‍,കാട്ടുപോത്ത്  ഒക്കെ വിഹരിച്ചു നടക്കുന്നത് കാണാം . പോകുന്ന വഴിയില്‍ നിറയെ കാട്ടു കോഴികളെയും കാണാം.

 മന്നവന്‍ ശോല

കേരളത്തിലെ ഏറ്റവും പ്രധാന ഷോല വനമാണ്  ആനമുടി ഷോല. ഏകദേശം  10km കാട്ടിലൂടെ നടക്കണം,കാട്ടു  ചോലകളുടെയും മലമുഴക്കി വേഴാമ്പലിന്റെയും ഒക്കെ ബാക്ക്  ഗ്രൗണ്ടില്‍ കേട്ട് നടക്കാം. കയറ്റം  ആണ്,ജീപ്പുകള്‍ അപൂര്‍വമാണ്,നന്നായി  മടുക്കും. ഞങ്ങള്‍ പാതിവഴിയില്‍ നടപ്പ് മതിയാക്കി, ഇടയ്ക്ക്  ഒരു ചെറിയ വെള്ളച്ചാട്ടത്തില്‍ ഇറങ്ങി, കാടിന്റെ തണുപ്പ്  മൊത്തം ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്ന് തോന്നിപ്പോകും. 10km  നടന്നാല്‍ സഹ്യന്റെ  താഴ് വാരങ്ങൾ  കാണാം.ആ മനോഹര കാഴ്ചയും ഇരുട്ടു വീണപ്പോള്‍ വേണ്ടാന്ന് വെച്ചു.


 കാന്തല്ലൂര്‍

കേരളത്തില്‍  ആപ്പിള്‍ കൃഷി  ചെയ്യുന്ന ഏക സ്ഥലം ആണ്. ആപ്പിള്‍,ഓറഞ്ച് ,സബര്‍ജില്‍,പ്ളം, സ്ട്രോ ബെറി,ബ്ളാക്ക് ബെറി,കാരറ്റ് തുടങ്ങിയ ശീത കാല വിളകള്‍ എല്ലാം ഇവിടെ കൃഷി ചെയ്തു പോരുന്നു. വെളുത്ത പാഷന്‍ ഫ്രൂട്ട്, ആത്ത തുടങ്ങിയവയും ഉണ്ട്.
മഠത്തില്‍ അമ്മമാര്‍ നടത്തുന്ന ഒരു ചെറിയ റിസോര്‍ട്ടും അവരുടെ ഒരു ഫാമും നമുക്ക് സന്ദര്‍ശിക്കാം. പേരും ജീരകം,വെളുത്തുള്ളി  ഒക്കെ അവിടെ കൃഷി ചെയ്യുന്നുണ്ട്. ഡോര്‍മിട്ടറിയും  ഡബിള്‍ റൂമുകളും അവിടെ കുറഞ്ഞ  നിരക്കില്‍ ലഭ്യമാണ്. നാടൻ തേനും  പഴങ്ങളും പച്ചക്കറികളും കിട്ടും ,വാങ്ങിക്കൊണ്ടു ഒന്നും പോരാണ്ട പക്ഷെ കഴിക്കാണ്ട് പോന്നു  കൂടാ.വീട്ടിൽ വാങ്ങി കഴിക്കുന്ന ആപ്പിളും തോട്ടത്തിലെ സ്വാദും അനുഭവിച്ചറിയുക.

 മുനിയറ

ആദിമ  മനുഷ്യന്‍ താമസിച്ചു എന്ന് കരുതപ്പെടുന്ന  മനുഷ്യ നിര്‍മിത ഗുഹകള്‍ ആണ്  മുനിയറകള്‍ . എങ്ങനെയാണു അവര്‍ ഇതു നിര്‍മിച്ചത് എന്നുള്ളത്  എപ്പോളും കൗതുകകരമായ ഒരു വസ്തുതയാണ്.അങ്ങ് ദൂരെ കാണുന്ന മലനിരകളെ നോക്കി കൂടെ വന്ന ജോസഫ്‌ ചേട്ടന്‍ പറയുന്നുണ്ടായിരുന്നു. മുന്നാറിലെ ചെക്ക്‌ പോസ്റ്റില്‍ നിന്നും പെര്‍മിഷന്‍ എടുത്താല്‍ കാട്ടില്‍ ക്യാമ്പ്‌  ചെയ്യാവുന്നതാണ്. ഇനിയും മനുഷ്യര്‍ എത്തി ചെല്ലാത്ത സ്ഥലങ്ങള്‍ അവിടെ ഉണ്ട് എന്നാണ്  പുള്ളി പറയുന്നെ. എന്തായാലും പുള്ളിക്കാരന്‍  ആദിവാസികളോട് വാങ്ങി  തന്ന കാട്ടുതേനിന്റെ മാധുര്യം ഞങ്ങളെ  വീണ്ടും ആ  മല മടക്കുകളിലേക്ക് വിളിക്കുന്നുണ്ടായിരുന്നു. വരും വരാതിരിക്കുല്ല.

 മറയൂര്‍  ശര്‍ക്കര

97%  പഞ്ചസാരയുടെ അംശം ഉള്ള ലോകത്തിലെ ഏറ്റവും ശുദ്ധമായ ശര്ക്കരയാണ്  മറയൂര്‍ ശര്‍ക്കര. ശര്‍ക്കര ഉണ്ടാക്കുന്നത് കണ്ടു ആസ്വദിക്കാവുന്നതാണ്. ഒരു കിലോ  ശര്‍ക്കരയ്ക്ക്  50 രൂപയാണ് വില. ശബരിമലയിലും മറ്റു ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്ന ശര്ക്കരയാണ് ഇതു.










ഞങ്ങളുടെ കൂടെ 2 ദിവസം കൂടിയ മറയൂര്‍ കാരനായ ഒരു ഗൈഡ് ഉണ്ട്, ജോസഫ്‌ . പുള്ളിക്കാരന് ചെക്ക്‌ പോസ്റ്റ്‌ ഇല്‍ ഒക്കെ നല്ല പിടിപാടാണ്. ഫോറെസ്റ്റ് കരോട് പറഞ്ഞു ഞങ്ങളെ തമിഴ്നാട് ബോര്‍ഡര്‍ ഒക്കെ കടത്തി ഉദുമല്പെട്ട യില്‍ ഒക്കെ കൊണ്ട്  പോയി. നിങ്ങള്‍ക്കും ഒരു പക്ഷെ ഉപകാരമായേക്കാം. ജോസഫ്‌ - 09495880633. Home stay ഒക്കെ പുള്ളിക്കാരന്‍ ശെരിയാക്കി തരും.
കേരള അതിര്‍ത്തിയില്‍ ആനക്കല്‍ പെട്ടി എന്ന സ്ഥലത്ത് ചായക്കട നടത്തുന്ന അടിമാലിക്കാരന്‍ ബൈജു ചേട്ടന്റെ ഉച്ചയൂണിന്റെ കൈപ്പുണ്യം അറിയണമെങ്കില്‍ ഈ ജോസെഫേട്ടന്‍ തന്നെ വേണം.




മിനിമം നാലഞ്ചു ദിവസം തങ്ങണം.  തിരുമുര്‍ത്തി മലകള്‍ ,അമരാവതി  ഡാം, കുണ്ടള  ഡാം, കൊടൈക്കനാല്‍ ,ഡിണ്ടിഗല്‍ ,പൊള്ളാച്ചി ഒക്കെ കറങ്ങി നടക്കാം.



Monday, August 6, 2012

Munnar-Lakkam

ട്രിവാന്‍ഡ്രം  മെയില്‍ ചെന്നൈയിൽ നിന്നും  ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും.അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം.അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍.കാന്തല്ലൂര്‍ സ്റ്റേ.അല്ലേല്‍ മറ്റെവിടെലും, അങ്ങനെ നൂറ്  നൂറു പ്ലാനുകൾട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍.അളിയാ നാളെ ഹര്‍ത്താല്‍ ആണ്.. പാളി...എല്ലാം പാളി..രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല..അങ്ങനെ എല്ലാം കൊളമായി...

അങ്ങനെ ഏറണാകുളം വന്നു.ഒരു കോപ്പും കിട്ടാനില്ല.ഉച്ചയ്ക്ക് കൊല്ലതുന്നുള്ളവനും വന്നു.ഒരുത്തന്‍ കിംസ് ഇല്‍ നിന്നും വരാനും  ഉണ്ടു.നശിച്ചു പോട്ടെ കേരളം...എന്ന് കരുതി.വണ്ടിക്കാരന്‍ ഉച്ചയ്ക്ക് വിളിച്ചു.ഞാന്‍ വണ്ടി  എടുക്കാന്‍ റെഡി ആണ്.അടിമാലി വഴി ചിന്നാര്‍ പോകാം.നല്ല ചേട്ടന്‍.തല്ലു വന്നാല്‍ നിങ്ങള്‍ തടഞ്ഞാല്‍ മതി...അങ്ങനെ തുടങ്ങി.


അടിമാലി ചെന്നപ്പോള്‍ വണ്ടി നിര്‍ത്തി.അടിമാലിയില്‍ രണ്ടു റൂം ഒക്കെ എടുത്തു യാത്രയ്ക്കുള്ള ആലോചന തുടങ്ങി..കാലത്ത്  6 മണിക്ക് തന്നെ നേരെ ടോപ്‌ സ്റ്റേഷന്‍

മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന സഹ്യന്‍.കമ്പം തേനി തുടങിയ സ്ഥലങ്ങളില്‍ ഇളവെയില്‍ വീഴുമ്പോള്‍.മലയാള നാടിന്റെ ഭംഗി.മുന്നാറില്‍ പോകുമ്പോള്‍ മിക്കപ്പോഴും ആളുകള്‍ വിട്ടുകളയുന്ന ഇടമാണ്.കാലത്ത് പോകണം.പരപര വെളുക്കാന സമയത്ത്...ഉച്ച കഴിഞ്ഞാല്‍ കോട വീഴും...ഒന്നും കാണാന്‍ ആവില്ല...


വരുന്ന വഴി...നല്ല ചൂട് ചായയും പഴം പൊരിയും കഴിക്കാന്‍ തേയില തോട്ടങ്ങള്‍ക്ക് അരികിലുള്ള ഒരു കടയില്‍ വണ്ടി നിര്‍ത്തി...തേയില നാമ്പുകളുടെ പച്ചപ്പും...മുന്നാറിലെ കാറ്റും...പിന്നെ ഈ ചായയും...ചുമ്മാതല്ല കണ്ട സായിപ്പന്മാര്‍ ഇവിടെ വരുന്നത്...




പിന്നെ നേരെ മറയൂര്‍ രൂട്ടിലേക്ക് വെച്ച് പിടിച്ചു...തേയില തോട്ടങ്ങള്‍ക്ക് കേരളത്തില്‍ ഏറ്റവും ഭംഗിയുള്ളത് ഇവിടെ ആകും....മുന്നാര്‍ മറയൂര്‍ റോഡില്‍/...മഞ്ഞു...മഴ...ഇളവെയില്‍...പച്ചപ്പ്‌...പൂക്കള്‍...മേഖങ്ങള്‍ ...അവിടെ കാണാന്‍ പറ്റാത്ത വേറെ ഒന്നും കാണില്ല...ബചെലോര്സ് ആയതിനാല്‍ ഞങ്ങള്‍ക്ക് തണ്ണി മാത്രമേ ഉള്ളു നെഞ്ചോടു ചേര്‍ക്കാന്‍...എവിടെ തിരിഞ്ഞാലും സീനെറികള്‍...പ്രകൃതിയിലേക്ക് മടങ്ങാന്‍ കൊതിക്കുന്ന കാഴ്ചകള്‍...


കുറെ ചെന്നപ്പോള്‍ മഴ തുടങ്ങി... മഴ വക വെയ്ക്കാതെ പുറത്തിറങ്ങി...രാത്രി മഴ പോലെ തന്നെ...കാടിന്റെ നടുവില്‍ പെയ്യുന്ന മഴ നനയൽ ഒരു അനുഭവം തന്നെയാണ് ...അവിടുന്ന് പാസ്‌ എടുത്തു നേരെ വെള്ള ചാട്ടത്തി ലേക്ക്...മഴ വെള്ളത്തേക്കാൾ  തണുപ്പാണ് ഒഴുകുന്ന വെള്ളത്തിന്‌...പാറയ്ക്ക് നല്ല  വഴുവഴുപ്പും...അവിടെ കണ്ട നോര്‍ത്ത് ഇന്ത്യന്‍ സുന്ദരിമാരെ പോലെ വശ്യമായ പാറകള്‍...സൂക്ഷിച്ചില്ലേല്‍ പണി  പാളും....ആ പെണ്ണുങ്ങളെ പോലെ ഒരു പെന്‍സില്‍ ബുട്ടി ആണ് വെള്ളച്ചാട്ടം...ശരീരത്തില്‍ വീഴുമ്പോള്‍ നല്ല കുളിരുണ്ട്...മഴ നന്നായി പെയ്യുന്നു...വെള്ളച്ചാട്ടം സൌത്ത് ഇന്ത്യന്‍ പെണ്‍കൊടികളെ പോലെ ശക്തി പ്രാപിച്ചു...വേദനിക്കുന്ന അത്ര പവര്‍...അകലെ നിന്ന് കാണാന്‍ നല്ല ഭംഗിയുണ്ട്....അടുത്ത് വന്നപ്പോളല്ലേ മനസിലായെ,പ്രണയിച്ചു  പോകും  പ്രകൃതിയെ. 


മെല്ലെ മുകളിക്ക്‌ നോക്കി....ഒരു കാട്ടു വഴി പോലെ തോന്നി...ട്രെക്കിംഗ് പാത്ത് ആണ്...മഴ പെയ്തു കിടക്കുന്നതിനാല്‍ ട്രെക്കിംഗ് ഇല്ല...ഞാനും അനുവും കൂടി മുകളിക്ക്‌ പോയി...വാച്ച് മാന്‍ ഒരു കൂട്ടം കോളേജ് പെണ്പില്ലെര്‍ വന്നപ്പോള്‍ ബിസി ആയി...ഞങ്ങള്‍ നടന്നു...വഴുക്കലുണ്ട്...വള്ളികളും...ഇടയ്ക്കിടെ തടി പാലങ്ങളും കയട്ടവി=ഉം ഇറക്കവും ഒക്ക്കെ ആയി...കുറെ നടന്നു....മുകളില്‍ ഒരു ചെറിയ വീട് പോലെ ഒന്നുണ്ട്....അവിടെ വഴി തീര്‍ന്നു...ഞങ്ങള്‍ വീണ്ടും മുന്നോട്ടു നടന്നു...വെള്ള ചട്ടത്തിന്റെ ഹുങ്കാരം കേള്‍ക്കാം...നടന്നു നടന്നു മടുത്തു...ഈ വഴികള്‍ പിന്നെയും താണ്ടണം എന്ന് ഓര്‍ത്തു...മനസ് പിടച്ചു....
ട്രെക്കിംഗ് ഫീസ്‌ ഏകദേശം 4 പേർക്ക് 250 രൂപയാണ് 




എന്തായാലും വന്നത് വെറുതെ ആയില്ല...വെള്ള ചട്ടത്തിന്റെ തുടക്കം അകലെ കാണാം...കുറെ പാറകള്‍ കേറി ഇറങ്ങി...സൂക്ഷിക്കണം...ഒരു വശം നല്ല ഒഴുക്കുള്ള  കയം ആണ്...എന്നാലും വെള്ളച്ചാട്ടത്തിന്റെ തുടക്കം കാണുമ്പോള്‍ ഉള്ള സന്തോഷം...അതും ആ മഴയില്‍...പ്രേമഭാജനം ഇല്ലാണ്ട് പോയി എന്നോര്‍ത്ത് നെടു വീര്‍പ്പെടാന്‍ പറ്റിയ അനേകം ലോക്കഷന്കളില്‍ ഒന്ന് മാത്രം...ലക്കം ഫാള്‍സ്...മനസ്സില്‍ മഴയെക്കാള്‍ കുളിര്‍ കോരിയിട്ടു ആ കാനന പാത...ഇരുട്ടി വീഴും മുന്നേ...പുതിയ ഹര്‍ത്താല്‍ പ്രഖ്യാപിക്കും മുന്നേ ആഞ്ഞു നടന്നു...വണ്ടി തേടി...അവിടെ നല്ല കാട മുട്ട വറുത്തതും കട ഫ്രൈ യും കിട്ടും...ഒരു രേക്ഷ്യില്ലാത്ത ടേസ്റ്റ് ആണോ വിശപ്പാണോ എന്ന് അറില്ല...കുറെ തിന്നു...മറയൂര്‍ ഇനിയും അകലെ ആണ്....രാത്രി ആയി....കൂട്ടുകാരന്‍ സെറ്റ് ആക്കിയ ഗസ്റ്റ് ഹൌസ് ഒരു പാട് ഉള്ളിലാണ്...മഴയുടെ ആലസ്യത്തില്‍ മടങ്ങി നാട്ടിലേക്കു തിരിച്ചു...തിരികെ വരും...എന്നേലും...

Tuesday, January 24, 2012

നീല ഗിരിമലനിരകള്‍

















നീല ഗിരിമലനിരകള്‍

കൊച്ചിയില്‍ നിന്നും മൂന്ന് മണിയോടെയാണ്  ഞങ്ങള്‍ യാത്ര തിരിച്ചത്...ചേര്‍ത്തല മണ്ണുത്തി മാതൃക സുരക്ഷാ പാതയിലൂടെ ത്രിശൂര്‍ പട്ടാമ്പി പെരിന്തല്‍മണ്ണ വഴി നിലമ്പൂരിലേക്ക്...നിലമ്പൂരിലെ തേക്കിന്‍ കാടുകളും പാട്ടുമല്‍സരവും ഒക്കെ ആസ്വദിച്ച് വഴിക്കടവ് ചെക്ക്‌ പോസ്റ്റില്‍ എത്തി...രാത്രി ആയതിനാല്‍ നാടുകാണി ചുരത്തിന്റെ ഭംഗി ആസ്വദിക്കാന്‍ സാധിച്ചില്ല...അങ്ങനെ ഞങ്ങള്‍ ചെക്ക്‌ പോസ്റ്റില്‍ നിന്നും പാസ് എടുത്തു...ട്രാവലര്‍ വണ്ടിയ്ക്കു ഏകദേശം 350 രൂപ കൊടുക്കേണ്ടി വരും....ഇനി നമ്മള്‍ യാത്ര ചെയ്യുന്നത് തമിഴ് നാട്ടിലേക്കാണ്‌.................. 

തമിഴ് നാട്ടിലെ യാത്രയ്ക്ക് പോകുമ്പോള്‍ നിങ്ങള്‍ കീശയില്‍ ഒരു പാട് ചില്ലറ നോട്ട് കള്‍ കരുതണം...വഴിയില്‍ അവിടിവിടെയായ് ഓരോ മുളം കമ്പുകള്‍ നാട്ടി ഓരോ പോലീസ് കാരന്മാര്‍ നില്‍ക്കുന്നുണ്ടാവും...കേരള പോലീസ് നെ പോലെ മിനിമം നൂറു രൂപ കൊടുക്കേണ്ടി വരില്ല മാക്സിമം നൂറു രൂപയില്‍ ഒതുങ്ങും...അങ്ങനെ ഏകദേശം ഒന്‍പതു മണിയോടെ ഞങ്ങള്‍ തമിഴ്നാടിന്റെ മെയിന്‍ ചെക്ക്‌ പോസ്റ്റില്‍ എത്തി...അവിടെ പോലീസിന്റെ എണ്ണം കൂടുതലാണ്...പൊട്ടിക്കാതെ വെച്ച കേരള ബെവ്കോ പ്രോഡക്റ്റ് കണ്ടാല്‍ അവര്‍ അത് സീസ് ചെയ്യും...ഞങ്ങള്‍ കുടിച്ച ബിയര്‍ കുപ്പികള്‍ അവര്‍  കയറി എടുത്തോണ്ട് പോയി...തുടക്കക്കാരുടെ ജാള്യത മൂലം  കാലിയാകാത്ത  ബിയര്‍കള്‍ ഒരു ഉളുപ്പും കൂടാണ്ട് അവന്മാര്‍ അവിടെ നിന്നും  കഴിക്കുന്നത്‌ വരെ കാണേണ്ടി വന്നു...തണുത്ത കാറ്റ് നന്നായ് വീശി തുടങ്ങിയിരിക്കുന്നു....അങ്ങനെ ൧൦ മണി ആയപ്പോള്‍ ഗൂടല്ലൂര്‍ എത്തി....നാടുകാണിയില്‍ നിന്നും വരുമ്പോള്‍ ലെഫ്റ്റ് കട്ട്‌ ചെയ്താല്‍ മൈസൂര്‍ റൈറ്റ് കട്ട്‌ ഊട്ടി...മൈസൂര്‍ നു എഴുപതും ഊട്ടിക്ക്‌ 
അന്‍പതും കിലോമീറ്റര്‍ ദൂരം...

അങ്ങനെ ഞങ്ങള്‍ ആ റിസോര്‍ട്ടില്‍ എത്തി...മലയാളിയായ ഒരു തിരുവല്ലക്കാരന്‍ ഡോക്ടര്‍ ആണ് ഉടമസ്ഥന്‍ . ഞങ്ങളെ കാത്തു പുള്ളിക്കാരന്‍ ആ രാത്രിയില്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു...ചെന്നപ്പോള്‍ നല്ല സ്ട്യലന്‍ ബീഫ് വറത്തതും ലിവര്‍ ഫ്രൈ ചെയ്തതും....തുടക്കം ആണ്....ഐറ്റംസ് വേറെയും ഉണ്ടു ...കാണാനുള്ള സ്ഥലങ്ങളെ പറ്റി ഒക്കെ നല്ല വിവരണം തന്നു പുള്ളി...പിന്നെ ആ തണുപ്പില്‍ നല്ലൊരു കുപ്പ കൂട്ടി അത്താഴം...ചിക്കെന്‍ വറുത്തരച്ചത്...ചോറ്...ചപ്പാത്തി...രേക്ഷയില്ലാത്ത എരിവു ആണ് കറികള്‍ക്ക്...കഴിച്ചു കരഞ്ഞു പോയി...അവസാനം പുള്ളി തന്നെ കുറെ ഐസ് ക്രീം തന്നപ്പോലാണ് ഒന്ന് റെഡി ആയി വന്നത്...


മകര മാസത്തിന്റെ തണുപ്പില്‍ മുറിയിലെ കമ്പിളി പുതപ്പിനടിയില്‍ ഒതുങ്ങി കൂടാന്‍ ആഗ്രഹം ഉണ്ടെങ്കിലും രാവിലെ തന്നെ ഒരു ഹിന്ദി കാരന്‍ പയ്യന്‍ ചായയുമായ് വന്നു...അങ്ങനെ ആ മഞ്ഞില്‍ നനുത്ത പുലരിയില്‍ ഞങ്ങള്‍ കുളിച്ചു ഫ്രെഷായി പൈക്കാര തടാകം കാണുവാന്‍ പോയി....ഊട്ടി റോഡില്‍ ഏകദേശം 15 കിലോ മീറ്റര്‍ പോകുമ്പോളാണ് തടാകം...തടാകത്തിലെ ആല്‍ഗകളുടെ നിറം മലനിരകളുടെ ബാക്ക് ഗ്രൗണ്ടില്‍ ആ തടാകത്തിനു പ്രത്യേക ഒരു ഭംഗി  നല്‍കുന്നു....ബോട്ടിംഗ് ഉണ്ടു...സ്പീഡ് ബോട്ടുകളും മറ്റും പ്രകൃതി വാതകത്തില്‍  ആണ് ഓടിക്കുന്നത് ...അതിനാല്‍ പുന്നമട കായലിലെ പോലെ മണ്ണെണ്ണയുടെ തിളക്കമില്ലാത്ത ശാന്ത സുന്ദരമായ തടാകം...ഊട്ടി തടാകം ഇതിന്റെ നാലയലത്ത്‌ വരില്ല....പെടല്‍ ബോട്ടിംഗ് ഇല്ലെന്നു മാത്രം...ഒരാള്‍ക്ക് ഏകദേശം അമ്പതു രൂപയാകും ബോട്ടിംഗ് നു...ചിത്രകാരന്റെ കാന്‍വാസില്‍ വരച്ച പോലെ തോന്നിക്കുന്ന ഒരു യാത്ര...

അവിടെയ്ക്ക് പോകുന്ന വഴികളും മനോഹരമാണ്...നീലഗിരി പോകുന്ന വഴികളില്‍ അങ്ങ് ദൂരെയായ് ഒരു സുന്ദരി സൂര്യ സ്നാനം ചെയ്യുന്ന പോലെ ഇളവെയിലില്‍ കിടക്കുന്നു...പിന്നീടു വശങ്ങളിലും തേയില തോട്ടങ്ങളാണ്...അങ്ങനെ യാത്ര ചെയ്യുമ്പോള്‍ വശങ്ങളില്‍ ആകാശം തൊട്ടുതലോടി നില്‍ക്കുന്ന യൂക്കാലി മരങ്ങളെ കാണാം...വില്‍‌സണ്‍ എസ്റ്റേറ്റ്‌........  . അവിടെ വണ്ടി പാര്‍ക്ക്‌ ചെയ്തു കുറച്ചു താഴേയ്ക്ക് നടന്നാല്‍ നീഡില്‍ റോക്ക് പോയിന്റ്‌ ഇല്‍ എത്താം...കാറ്റു നന്നായ് വീശുന്നുണ്ട്....ബാലന്‍സ് തെറ്റിയാല്‍ അടിയിലെ       കൊക്കയിലേക്ക് യാത്ര ചെയ്യാം...അവിടെ നിന്നും നോക്കിയാല്‍ ഫ്രോഗ് ഹില്‍ വ്യൂ കാണാം....അതായതു നീലഗിരിയുടെ ഒരു ഭാഗം ഒരു തവള കമന്നു ഇരിക്കണ പോലെ കാണാം...സാഹസികത ഇഷ്ട്ടപെടുന്നവര്‍ക്ക്  നീഡില്‍ റോക്ക് ന്‍റെ മുനയില്‍ കയറാം...കയ്യില്‍ അതിനുള്ള ഐറ്റംസ് കരുതണം എന്ന് മാത്രം...


വീണ്ടും റിസോര്‍ട്ടില്‍ എത്തി...അയല വറുത്തതും ചിക്കന്‍ കറിയും...എരിവല്‍പ്പം കൂടുതലാണ്...നമ്മുടെ അരി കിട്ടില്ല...പൊന്നിയരിയില്‍ വച്ച ടോമോടോ റൈസ്, തൈര് സാദം, ലെമണ്‍ റൈസ് ഒക്കെ കിട്ടും... ചൂട് അറിയുന്നേയില...ഉച്ചയ്ക്ക് ശേഷം നേരെ മുതുമല വന്യ ജീവി സന്കേതതിലേക്ക്...ഗുടലൂര്‍ മൈസൂര്‍ റോഡില്‍ ഇരുപതു കിലോമീറ്റര്‍ യാത്രയുണ്ട്..അവിടെ നിന്നും ജീപെടുത്തു കാടിനുള്ളിലേക്ക്‌......... ... 8 പേര്‍ക്ക് ഇരിക്കാവുന്ന ജീപിനു അവന്മാര്‍ 1500 ചോദിക്കും...ഒരു 600 700 രൂപയ്ക്ക് കിട്ടും...പത്രപാതി വനമാണ്...കാനന പാതയ്ക്ക് ഇരുവശത്തും കള്ളി ചെടികള്‍ തിന്നുന്ന മാനുകളെ കാണാം...പിന്നെ നാട്ടിലെ ഒരു കാക്ക പോലും അവിടെ ഇല്ല...അതിനു പകരം മയിലുകള്‍ ഉണ്ടു....ഫോട്ടോ എടുക്കലും മറ്റും നിരോധനം ഉണ്ടു...കുറെ ചെന്നപ്പോള്‍ കുറച്ച്‌ ആനകളെയും കണ്ടു...തീര്‍ന്നു...ഇനി വല്ല മൃഗങ്ങളെയും കാണണം എന്നുന്ടെല്‍ രാത്രിയെ പറ്റു...അത് അവിടെ പറ്റില്ല താനും...തിരികെ വരുമ്പോള്‍ ഒരു കാറ്റ് പോത്തിനെ കണ്ടത് മാത്രം മിച്ചം....
റൂമില്‍ എത്തിയപ്പോള്‍ നല്ല ചൂട് മസാല ചായയും പഴം പൊരിയും....ക്യാമ്പ്‌ ഫയര്‍ നു വേണ്ട എല്ലാ ഒരുക്കങ്ങളും അവിടെ ഉണ്ടു...അങ്ങനെ ആ രാത്രി...( പ്രിയ മദ്യ പാനികളെ...ഗുടലുര്‍ മദ്യം കിട്ടുള്ള...എല്ലാം ലോക്കല്‍ സാധനങ്ങള്‍ ആണ്...സൂക്ഷിച്ചാല്‍ ദുഖിക്കണ്ട )


രാവിലെ ആറു മണിക്ക് തന്നെ ട്രെക്കിങ്ങ്നു പോയി...നാട്ടിലെ മലകളുടെ അത്ര റിസ്ക്‌ അല്ല...എന്നാലും മാനിന്റെ എല്ലുകളും മറ്റും കണ്ടപ്പോള്‍ മനസിലായി കാട്  തന്നെ ആണുന്നു...മഞ്ഞു വീണു കിടക്കുന്ന ഗൂടലൂര്‍ ടൌണ്‍ ആസ്വദിക്കാന്‍ രാവിലത്തെ ഉറക്കം കളഞ്ഞല്ലോ എന്നോര്‍ത്ത് ആരും നിരാശരായില്ല...നീലഗിരിയുടെ ദ്രിശ്യ ചാരുതയില്‍ ഫോട്ടോ എടുക്കാം...

ഞങ്ങള്‍ ഫ്രോഗ് ഹില്‍ വ്യൂ പൊയന്റില്‍ എത്തി...അവിടെ നിന്നും നീഡില്‍ റോക്ക് കാണാം....മലനിരകളിലെ ഒരു അമ്പലം പോലെ തോന്നുംദൂരക്കഴ്ചയില്‍....  .... പാചകക്കാരന് കൊടുക്കാന്‍ ഞങ്ങള്‍ മദ്യം അന്വേഷിച്ചു നടക്കുകയ്യാണ്...അപ്പോളാണ് ഒരു ലോക്കല്‍ മനുഷ്യനെ മുട്ടിയത്‌.... പുള്ളി പറഞ്ഞു..."കൊന്ജം മുന്നാടി പോയാ ഒരു ലെഫ്റ്റ് കട്ട്‌ ഇരുക്ക്‌ അന്ത പക്കം സ്ട്രയിട്റ്റ് പോനാ നീലഗിരി പീക്ക് ഇരിക്ക്‌...." """""   "...

അങ്ങനെ ആ ഇടുങ്ങിയ വഴികളിലൂടെ യാത്ര തുടങ്ങി....കാരറ്റ് തോട്ടങ്ങളും കാബേജു തോട്ടങ്ങളും ആണ് ഏറു വശങ്ങളിലും...കുറെ ചെന്നപ്പോള്‍ വഴി മോശം ആയി തുടങ്ങി....ഒരു കേരള ലോറി കിടക്കുന്നു...ഞങ്ങള്‍ വഴി ചോദിച്ചു...പുള്ളിക്കാരന് പിടുത്തം ഇല്ല ...റോഡ്‌ പണിക്കാരോട് ചോദിച്ചു വഴി മനസിലാക്കി....കുറെ വീണ്ടും ചെന്നപ്പോള്‍ അതാ ഒരു സെക്യൂരിറ്റി നില്‍ക്കുന്നു....നീലഗിരി പീക്ക്...ഞങ്ങള്‍ ചോദിച്ചു...പുള്ളി പറഞ്ഞു...ഇനി എട്ടു കിലോ മീറ്റര്‍ റോഡ്‌ മോശം ആണ്...അവിടെ ചെന്നാല്‍ വണ്ടി പാര്‍ക്ക്‌ ചെയ്യാം...പിന്നെ ഒരു പതിനൊന്നു കിലോമീറ്റര്‍ കാട്ടിലൂടെ നടന്നാല്‍ ഫോറെസ്റ്റ് ഗസ്റ്റ് ഹൌസ് ...നൈസ്...ഞങ്ങള്‍ തിരിച്ചു പോന്നു...തിരികെ വരുമ്പോള്‍ പഴയ ലോറി കാരന്‍ ഒരു വളിച്ച ചിരിയോടെ നില്‍ക്കുന്നു....

വൈകിട്ട്  ഞങ്ങള്‍ സാം ഡോക്ടര്‍ നോട് യാത്ര പറഞ്ഞു നാട്ടിലേക്കു തിരിച്ചു...നടുകാണിയുടെ ഭംഗി ആസ്വദിച്ച്...നിലംബൂര്‍ തേക്കിന്‍ തോട്ടങ്ങളിലൂടെ ദൈവത്തിന്റെ സ്വന്തം ബാറിലേക്ക്...
--