Tuesday, May 24, 2011

മുല്ല വള്ളി

വീടിനെ പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം ഓടി എത്തുന്നത്‌ കിഴക്കേ മുറ്റത്ത്‌ വടക്ക് ഭാഗത്തായി നിന്ന വള്ളി മുല്ലയെ പറ്റിയാണ്...എനിക്ക് ഓര്‍മ വയ്ക്കുന്ന കാലം എന്നൊക്കെ പറയുന്നതിന് മുന്നേ ഉണ്ടായിരുന്നു അത് അവിടെ...ഒരു അമ്പതു വയസു പ്രായം കണക്കാക്കാം....നിറയെ വള്ളി കളുമായി നിന്ന മുല്ല വീട്ടു മുറ്റത്തെ കൊന്ന പത്തലിന്റെ പന്തലിനു മുകളില്‍ ഒരായിരം മുല്ല മൊട്ടുകളുമായി കിടക്കും...പവര്‍ കട്ട്‌ നേരത്ത് അതിന്‍റെ അടിയില്‍ പായ വിരിച്ചു കിടക്കാന്‍ ഒരു രസമായിരുന്നു...

മുല്ലപ്പൂക്കള്‍ എപ്പോളാണ് കൂടുതല്‍ ആയി ഉണ്ടാകുന്നതു എന്ന് അറിയില്ല...എങ്കിലും ഇടയ്ക്കിടയ്ക്ക് വൈകുന്നേരങ്ങളില്‍ ക്രിക്കറ്റ്‌ കളി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോള്‍ ഒരു കൂട്ടം സ്ത്രീ ജനങ്ങള്‍ അവിടെ ഉണ്ടാകും...ഏണി വച്ച് പുരപ്പുറത്തു കയറി മുല്ല മൊട്ടുകള്‍ പറിക്കാന്‍ പറയും...ഒരു കുട്ട നിറയെ പൂക്കള്‍ തന്നിരുന്നു ആ മുല്ല....

സന്ധ്യാ നാമം ജപിചിരുന്നത് ആ മുല്ലവള്ളിയുടെ മുന്നില്‍ ഇരുന്നായിരുന്നു....മുല്ലവള്ളിയില്‍ ചാരിയായിരുന്നു രാത്രികളില്‍ പണി കഴിഞ്ഞു എത്തുന്ന അച്ഛനെ കാത്തിരിക്കുന്നത്...അച്ഛന്‍ രണ്ടു കുപ്പി കള്ളൊക്കെ അടിച്ചു ചിലപ്പോള്‍ ഒരു വരവ് വരും...കള്ളിന്‍ പുറത്തു ആണെങ്കിലും ആ കയ്യില്‍ എന്തെങ്കിലും ഒരു പൊതി കരുതിയിരിക്കും....ആലിന്റെ താഴെയുള്ള ഹോട്ടലില്‍ നിന്ന് സുഖിയനോ ഷാപ്പില്‍ നിന്നും കപ്പയോ ഒന്നുമല്ലെങ്കില്‍ ഒരു ബാലരമയോ ഉണ്ടാവും....അച്ഛനും ഞാനും ആ മുല്ലയുടെ കീഴില്‍ അങ്ങനെ കിടക്കും...പിന്നെ പഴം പുരാണങ്ങള്‍ കേള്‍ക്കാം...മുരിക്കന്‍ ചെള്ള കുത്തി കായലില്‍ കൃഷി ഇറക്കിയതും...ചിത്തിര തിരുനാള്‍ കുട്ടനാട്ടില്‍ വിത്ത് വിതച്ചതും ഒക്കെ...

ഓടു മേഞ്ഞ വീടിനു മുകളില്‍ ചാഞ്ഞു കിടന്ന മുല്ല വള്ളികളിലൂടെ പെയ്തിറങ്ങിയ ഇടവപ്പാതിയ്ക്കു മുല്ലപ്പൂവിന്റെ ഗന്ധമായിരുന്നു.....മുറ്റത്തെ പഞ്ചാര മണലില്‍ രാത്രിമഴയില്‍ മുല്ലപ്പൂക്കള്‍ ഒഴുകുന്നത്‌ കാണാന്‍ ഭംഗിയായിരുന്നു...ഓടിനിടയിലൂടെ കിനിഞ്ഞിറങ്ങുന്ന മഴ തുള്ളികളെ ചങ്ങാതിയെ പോലെ ഇഷ്ട്ടപ്പെട്ടിരുന്നു ...പിന്നീടു വന്ന മഴകള്‍ എല്ലാം കാലം തെറ്റിയവ ആരുന്നു...എന്നോ ഒരുനാളില്‍ ചൂട് സഹിക്കാനാവാതെ മുല്ലവള്ളികള്‍ക്കിടയില്‍ ഒരു പാമ്പു അഭയം തേടിയപ്പോള്‍...അച്ഛന്‍ മനസില്ല മനസോടെ ആ മുല്ല വീടിന്റെ ഉമ്മറത്ത്‌ നിന്നും പറിച്ചു മാറ്റി...വടക്കേലെ പശു തൊഴുത്തിന്റെ പിന്നിലായി സ്ഥാനം...പിന്നീടു പെയ്ത കാല വര്‍ഷങ്ങള്‍ക്കു മുല്ലപ്പൂവിന്റെ ഗന്ധം പോയിരുന്നു ...

അച്ഛന്റെ അപ്പനായിട്ട്‌ നട്ട മുല്ലയായിരുന്നു...അച്ഛനും എന്നെക്കാള്‍ അധികമായി അതിനെ ഇഷ്ട്ടപ്പെട്ടിരുന്നു...മുല്ല മൊട്ടുകള്‍ പറിക്കാന്‍ വള്ളികള്‍ ചായിച്ചാല്‍ ചേച്ചി മാരെ പോലും അച്ഛന്‍ ഓടിച്ചിരുന്നു...രാവിലത്തെ പത്ര വായന മുല്ലയ്ക്കും കൂടി കേള്‍ക്കനാണോ എന്ന് തോന്നുമായിരുന്നു...മുല്ല പറിച്ചു മാറ്റിയതില്‍ അച്ഛന്‍ അധികം ദുഖിച്ചിരുന്നു...വീടിന്റെ ഐശ്വര്യം ആയിരുന്നു അതെന്നു പറയാം...മുല്ല പറിച്ചു മാറ്റി താമസിയാതെ അച്ഛന്‍ രക്ത സമ്മര്‍ദം കൂടി തളര്‍ന്നു വീണു...പിന്നെ ആശുപത്രിയും ചികിത്സയും ഒക്കെ ആയി നടന്നു...സംസാരിക്കാന്‍ വയയ്തിരുന്ന അച്ഛന്‍ ആശുപത്രി കിടക്കയില്‍ കിടന്നു ഒരു നാള്‍ എന്നോട് ചോദിച്ചു...പശുവിനെ കൊടുത്തോ??? മുല്ലയ്ക്ക് വെള്ളം ഒഴിച്ചുവോ എന്ന്...മുല്ലയുടെ അവസ്ഥ പോലെ ആയി അച്ഛനും...വീട്ടില്‍ ആരും ഇല്ലാതെ വന്നപ്പോള്‍ അതും നശിച്ചു തുടങ്ങി....വള്ളികള്‍ മൊത്തം ഉണങ്ങി...അച്ഛനെ പോലെ മുല്ലയും ശോഷിച്ചു...അച്ഛനെ തിരിച്ചു വീട്ടില്‍ കോണ്ടു വന്നു...അച്ഛന്‍ നടക്കില്ല എങ്കിലും ഞാന്‍ പിടിച്ചു നടത്തും...മുല്ല വള്ളിയുടെ അവസ്ഥ കാണിച്ചാല്‍ അച്ഛനും സങ്കടം ആവും...അതിനാല്‍ പശു തൊഴുത്തിന്റെ അരികിലേയ്ക്ക് ഞാന്‍ അച്ഛനെ കോണ്ടു പോയില്ല...അച്ഛന്‍ നിസഹായനായി എന്നെ നോക്കി...എനിക്കും മനസിലായി അച്ഛനും മനസിലായി....

അച്ഛന്‍ ഇപ്പോള്‍ നടക്കാറില്ല...എങ്കിലും മുല്ല അദേഹത്തിന്റെ വരവും കാത്തു തായ് വള്ളി മാത്രം ഉണങ്ങാതെ നിര്‍ത്തിയിരിക്കുന്നു...അച്ഛനെ കണ്ടിട്ട് ഇപ്പോള്‍ കുറച്ചായി...എന്നേലും പോവണം...അച്ഛന് പോയ പ്രതീക്ഷ പക്ഷെ മുല്ല വള്ളി കൈ വിടുന്നില്ല...മുല്ലവള്ളിയുടെ പ്രതീക്ഷകള്‍ പൂവണിയട്ടെ...

8 comments:

 1. pratheekshakal poovaniyatte....... aashamsakal.......

  ReplyDelete
 2. enteyum...
  ella nanmakalum.

  ReplyDelete
 3. Ellam nallathinu...sambhavami yuge yuge...

  ReplyDelete
 4. സ്നേഹം മനുഷ്യരുമായി മാത്രമല്ല സര്‍വ ജീവ ജാലകങ്ങലുമായി ഉണ്ടായിരിക്കണം നല്ല ജീവനഗന്ധിയായ കഥ

  ReplyDelete
 5. Its really touching.....
  wish u all the best

  ReplyDelete
 6. manasilla mullavalliyil ennum vasantham aavatte...aa vallikal ennum poothulannu nilkatte.....oraayiram aashamsakal........

  ReplyDelete
 7. Nannayit und mashe.. Simple & sensible.. Aa prateeksha kaividatha manas.. Vayanakaranum prareeksha nalkunnu...

  ReplyDelete

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks